a

പരിചയപ്പെടാം: റോബസ്റ്റ കോഫി അഥവ കോഫിയ കനെഫോറ

Jul 7, 2024

ലോകത്തിലെമ്പാടുമുള്ള ആളുകളുടെ ഇഷ്ടപാനീയമെന്തെന്നു ചോദിച്ചാൽ കോഫി എന്ന് തന്നെയായിരിക്കും ഉത്തരം. കോഫീപ്രിയരുടെ നാവിൻത്തുമ്പത്തെപ്പോളും വരുന്നത് അറബിക്ക എന്ന വാക്കാണെങ്കിലും കോഫിയ (Coffea) ഗണത്തിൽ പെട്ട കോഫിയ കനെഫോറ (Coffea Canephora) അഥവ റോബസ്റ്റ കോഫി (Robusta Coffee) അത്ര പുറകിലൊന്നുമല്ല. അറബിക്ക കഴിഞ്ഞാൽ ഇന്ന് ഉത്പാദനത്തിൽ 40 ശതമാനവും റോബസ്റ്റ ആണ്.

റോബസ്റ്റ കോഫി - Robusta Coffee
അറബിക്കയുമായി താരതമ്യപ്പെടുത്തുമ്പോൾ റോബസ്റ്റ ചെറുതും വൃത്താകൃതിയുമാണ്

റോബസ്റ്റ കോഫി (Robusta Coffee) കുറച്ചു ചരിത്രം

റോബസ്റ്റ ബീൻ ആദ്യം കണ്ടത്തിയതായി രേഖപെടുത്തിരിക്കുന്നത് 19-ആം നൂറ്റാണ്ടിന്റെ അവസാനം ആഫ്രിക്കയിലെ ട്രോപ്പിക്കൽ പ്രദേശങ്ങളിലെ (Tropical Areas) ഈർപ്പമുള്ള താഴ്ന്ന പ്രദേശങ്ങളിലെ കാടുകളിൽ ആണ്. തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലും കൃഷി സാധ്യമാണ് എന്ന് തെളിഞ്ഞു.

20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മാത്രമാണ് റോബസ്റ്റ തോട്ടങ്ങൾ വ്യാപകമായി വളർത്താൻ തുടങ്ങിയത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ ആരംഭത്തോടെ റോബസ്റ്റ കൃഷി നിലക്കുകയും, അതിന് ശേഷം ആഫ്രിക്കയിലെ സ്വാതന്ത്ര്യത്തെത്തുടർന്നുള്ള പുതിയ സർക്കാരുടെ അനുകൂലമായ സമീപനത്തോടയും, ചെറിയ കർഷകരുടെ ശക്തമായ പിന്തുണയോടെയും റോബസ്റ്റ കൃഷി പുനരാരംഭിച്ചു.

റോബസ്റ്റയുടെ രുചി മാഹത്മ്യം

റോബസ്റ്റയിൽ അറബിക്കയെക്കാൾ കൂടുതൽ കഫീനും എന്നാൽ കുറച്ചു മധുരവുമാണുള്ളത്. അതുകൊണ്ട് തന്നെ ആളിത്തിരി പിശകാണ്. കടുപ്പിന്റെയും കയ്പ്പിന്റെയും ഉസ്താദാണ്. വ്യക്തികൾ അനുസരിച്ചു പല നിർവചനങ്ങൾ ആണ്, എന്റെ നാവിൽ അനുഭവപ്പെടുന്ന കടുപ്പിന്റെയും കയ്പ്പിന്റെയും കാഠിന്യം ആയിരിക്കില്ല മറ്റൊരാൾക്ക് എന്നും ഞാൻ ഓർമിപ്പിക്കുന്നു.

ആവാസ വ്യവസ്ഥ

ഇന്ന് റോബസ്റ്റ ബീനിന്റെ ആകമാനം ഉത്പാദനത്തിൽ വിയറ്റ്നാം ആണ് ഒന്നാം സ്ഥാനത്തു, പുറകെ തന്നെ ബ്രസീലും ഇൻഡോനീഷ്യയും ഇന്ത്യയും ഉണ്ട്. ഇന്ത്യയിൽ നമ്മുടെ കേരളത്തിലെ വയനാട് റോബസ്റ്റ കൃഷിക്കായി പ്രശസ്തമാണ്. കർഷകരെ സംബന്ധിച്ചു റോബസ്റ്റ പരിപാലിക്കുന്നതാണ് ഏറെ എളുപ്പം. കാരണം മറ്റൊന്നും അല്ല, കീടങ്ങൾക്കെതിരെയും അസുഖങ്ങൾക്കെതിരയും ഉള്ള പ്രതിരോധശേഷി ആണ്. ഇത് സാധ്യമാകുന്നതിൽ വലിയ പങ്ക്‌ ഇതിൽ അധികമായി അടങ്ങിയിരിക്കുന്ന കഫീനും, ക്ലോറോജെനിക് ആസിഡ് എന്ന ആന്റി ഓക്സിഡന്റുകളാണ്. കൂടാതെ 30°സെൽഷ്യസിൽ അധികം ചൂടും വെയിലും റോബസ്റ്റ കൃഷിക്ക് ഒരു തടസം അല്ല.

സ്വതവേ സ്വതന്ത്രമായി വളരുമ്പോൾ റോബസ്റ്റ 32 അടിയോളം നീളാറുണ്ട്. പക്ഷെ വാണിജ്യ-ഉപയോഗത്തിനായി വളർത്തുമ്പോൾ 5 അടി ഉയരത്തിൽ നിലനിർത്തുന്നു.

You May Also Like…